കേരളത്തിലെ പുണ്യപുരാതന വിഷ്ണുമായ ക്ഷേത്രമായ കാനാടികാവിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് "തിറവെള്ളാട്ട് മഹോത്സവം". വിഷ്ണുമായ സ്വാമിയുടെ ജന്മദിനമാണ് തിറവെള്ളാട്ട് ഉത്സവമായി ആഘോഷിക്കപ്പെടുന്നത്. മലയാള മാസമായ മകരത്തിലാണ് ഈ ഉത്സവം നടക്കുന്നത്. മൂന്നു ദിവസം നീളുന്ന ഈ ഉത്സവം വളരെ ഗംഭീരമായാണ് ആഘോഷിക്കുന്നത്.
തൃപ്രയാർ തേവരുടെ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കാവടി ഘോഷയാത്ര കാനാടികാവ് ക്ഷേത്രസന്നിധിയിൽ എത്തുന്നതോടെ മൂന്ന് ദിവസം നീളുന്ന തിറവെള്ളാട്ട് മഹോത്സവത്തിനു ഔപചാരികമായ തുടക്കമായി. അന്ന് നടത്തപ്പെടുന്ന അഭിഷേക ചടങ്ങിൽ പങ്കെടുത്ത് വിഷ്ണുമായ സ്വാമിയുടെ 'രൂപക്കളം' ദർശനം നടത്തി, പൂജയും, വഴിപാടുകളും നടത്തിയാൽ അതുവരെ ജീവിതത്തിൽ നേരിട്ടിരുന്ന എല്ലാ പ്രതിസന്ധികളും മാറുമെന്നാണ് ഭക്തരുടെ വിശ്വാസം. അന്നേദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം ഈ വിശ്വാസത്തിനു സാക്ഷ്യമാണ്.
ഭക്തർക്കു പുറമേ നിരവധി വിദേശികളും പരമ്പരാഗത കലാരൂപങ്ങളുടെ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും മനോഹരമായ രൂപക്കളം കാണുവാനും തിറമണ്ണാന്മാരുടെ തിറയാട്ടം കാണുവാനും ഈ ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്. ശിവഗിരി തീർത്ഥാടനം പോലെ തന്നെ പ്രസിദ്ധമാണ് കാനാടികാവിലെ തിറവെള്ളാട്ട് മഹോത്സവവും.
നാദസ്വരം, പാണ്ടിമേളം, പഞ്ചാരിമേളം, പഞ്ചവാദ്യം എന്നീ പരമ്പരാഗത വാദ്യമേളങ്ങളുടെ ആരാധകർക്ക് ഉത്സവത്തിന്റെ മൂന്നാം ദിവസം ദേവനെ എഴുന്നള്ളിക്കുമ്പോൾ ഈ വാദ്യ കലാകാരന്മാരുടെ ഏറ്റവും മികച്ച പ്രകടനം ആസ്വദിക്കുവാൻ സാധിക്കുന്നതാണ്. ഈ തിറവെള്ളാട്ട് ഉത്സവത്തിൽ പങ്കെടുക്കുന്ന അസംഖ്യം ഭക്തർ തെളിഞ്ഞ മനസ്സോടെയും കൂടുതൽ ഉന്നതമായ ആത്മീയ ചിന്തകളോടെയുമാണ് ക്ഷേത്രത്തിൽ നിന്നും മടങ്ങുന്നത്. മകരമാസത്തിലെ ഈ ഉത്സവത്തിൽ പങ്കെടുക്കുവാനും സ്വാമിയുടെ ദർശനപുണ്യം നേടുവാനും എല്ലാ ഭക്തരേയും കാനാടികാവ് വിഷ്ണുമായ സ്വാമി അനുഗ്രഹിക്കട്ടെ!