ശബരിമലയിലേക്കുള്ള ഈ തീർത്ഥാടന യാത്രയിൽ ശ്രീ കാനാടികാവ് വിഷ്ണുമായ സ്വാമിയും ഒരു ഭാഗമാണ്. ശബരിമല ദർശനത്തിനു പോകുന്ന ഭക്തർ കാനാടികാവിലെത്തി വിഷ്ണുമായ സ്വാമിയെ തൊഴുതു വഴിപാടുകളും പൂജകളും ഒക്കെ നടത്തിയിട്ടേ അവരുടെ തീർത്ഥയാത്ര ആരംഭിക്കുകയുള്ളൂ. മുൻജന്മത്തിലെ പാപഭാരവും ഈ ജന്മത്തിലെ പ്രയാസങ്ങളുമെന്നു നമ്മൾ സങ്കല്പിക്കുന്ന ഇരുമുടിക്കെട്ടുമേറ്റിയുള്ള ഈ കഠിനമായ യാത്രയിൽ വിഷ്ണുമായ സ്വാമി ഭക്തർക്കു തുണയായും സംരക്ഷകനുമായി നിലകൊള്ളും എന്നതാണ് അവരുടെ വിശ്വാസം. അതുകൊണ്ടു തന്നെയാണ് കാനാടികാവിലെത്തി സ്വാമിയെ വണങ്ങിയിട്ടു മാത്രം ഭക്തർ അവരുടെ തീർത്ഥയാത്ര തുടങ്ങുന്നത്.
സാക്ഷാൽ ധർമ്മശാസ്താവിനേയും വിഷ്ണുമായ സ്വാമിയേയും കണ്ടു പ്രാർത്ഥിക്കുവാനും തങ്ങളുടെ പ്രയാസങ്ങൾ ഉണർത്തിക്കുവാനും സാധിക്കുന്ന ഈ കാലം, ഈ മണ്ഡലകാലം ഏറ്റവും പുണ്യകാലമായി ഭക്തർ കരുതുന്നു.