Loading your dashboard...

ശ്രീ കാനാടികാവ് പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്ര ഐതിഹ്യം

ഇഹലോകജീവിതത്തിലെ സർവ്വ ദുരിതനിവാരണത്തിനും സർവ്വ ദോഷപരിഹാരത്തിനും ആഗ്രഹസാഫല്യത്തിനും പ്രസിദ്ധികേട്ട മഹത്തായ ഒരു ക്ഷേത്രമാണ് ശ്രീ പെരിങ്ങോട്ടുകര കാനാടികാവ് പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രം. ശ്രേഷ്‌ഠമായ ആചാരാനുഷ്‌ഠാനങ്ങളാലും അത്യപൂർവ്വമായ പൂജാകർമ്മങ്ങളാലും സദാ ചൈതന്യം നിറഞ്ഞു നിൽക്കുന്നതാണ് കാനാടി കാവ് ക്ഷേത്ര സന്നിധി.

ശ്രീ വിഷ്ണുമായ സ്വാമിയും കാനാടികാവും തമ്മിലുള്ള ചരിത്ര കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. നൂറ്റാണ്ടുകൾക്കു മുൻപ് നാട്ടുരാജ്യങ്ങൾ തമ്മിൽ നിത്യേന പട വെട്ടിയിരുന്ന കാലം. കൊച്ചി രാജ്യത്തിൽ ഉൾപ്പെട്ട ചാഴൂർ നാട്ടുരാജ്യത്തിനു അയൽരാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലുകളിൽ പരാജയം ഒരു തുടർകഥയായി. നാടിനോട് കൂറും ആത്മാർത്തഥയുമുള്ള തന്ത്രങ്ങൾ വശമുള്ള ഒരു പടത്തലവൻ്റെ അഭാവമാണ് ഈ പരാജയങ്ങൾക്കു കാരണമെന്ന് നാടുവാഴുന്ന തമ്പുരാൻ മനസ്സിലാക്കി. രാജ്യത്തിനോട് കൂറ് പുലർത്തുന്ന പടനായകന് വേണ്ടി പല ദിക്കുകളിലും അന്വേഷിച്ചു . അവസാനം കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ കോവിലകത്തെ പടനായകനും അറിയപ്പെടുന്ന അഭ്യാസിയുമായ കോന്നമൂപ്പനെ അയക്കാമെന്നു ചിറയ്ക്കൽ തമ്പുരാൻ ചാഴൂർ തമ്പുരാനെ അറിയിച്ചു. യുദ്ധം ജയിക്കുന്നതിനു ക്ഷിപ്രപ്രസാദിയായ ഒരു ഉഗ്രമൂർത്തിയുടെ സാന്നിദ്ധ്യം കൂടിയേ തീരൂ എന്ന് മനസ്സിലാക്കിയ കോന്നമൂപ്പൻ ഒട്ടും താമസിപ്പിക്കാതെ തൻ്റെ കുലപരദേവതയെ തൃപ്തിപ്പെടുത്തുന്നതിനു കണ്ണൂർ കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെത്തി കഠിനനിഷ്‌ഠകളോടെ തപസ്സനുഷ്‌ഷ്ഠിച്ചു ദേവിയെ പ്രത്യക്ഷപ്പെടുത്തി. പ്രത്യക്ഷമായ ദേവിയോട് കോന്നമുത്തപ്പൻ ആവശ്യപ്പെട്ടത് ശിവപുത്രനായ ചാത്തൻ സ്വാമിയെ സ്വായത്തമാക്കുന്നതിനുള്ള മന്ത്രോപദേശമായിരുന്നു. ഭക്തൻ്റെ തപസ്സിൽ സന്തുഷ്ടയായ ഭഗവതി ചാത്തനെ പ്രത്യക്ഷമാക്കി, വശീകരിക്കുന്നതിനുള്ള മൂലമന്ത്രവും നിത്യേന പൂജിക്കുന്നതിനുള്ള ധ്യാനമന്ത്രവും കോന്നമുത്തപ്പനു പകർന്നു നൽകി. തുടർന്ന് ഹിമാലയ സാനുക്കളിലെത്തി നാഗസന്യാസിമാരുടെ ഉപദേശം സ്വീകരിച്ച കോന്നമുത്തപ്പൻ അതികഠിനമായ തപസ്സനുഷ്‌ഠിച്ചു വിഷ്ണുമായ എന്ന ചാത്തൻ സ്വാമിയെ പ്രത്യക്ഷമാക്കി പെരിങ്ങോട്ടുകരയിലെത്തി. തുടർന്നു കോന്നമൂപ്പൻ എന്ന പടനായകൻ്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധങ്ങളെല്ലാം വിജയിച്ചു, സമീപത്തുള്ള നാട്ടുരാജ്യങ്ങളെയെല്ലാം കീഴ്‌പ്പെടുത്തി ചാഴൂർ ദേശത്തോടു ചേർത്തതായും ഐതിഹ്യം. അപ്രകാരമുള്ള കോന്നമുത്തപ്പനു താമസത്തിനും, കളരി സ്ഥാപിക്കുന്നതിനും, തൻ്റെ പ്രത്യക്ഷമൂർത്തിയായ വിഷ്ണുമായ ചാത്തൻ സ്വാമിയെ പ്രതിഷ്ഠിക്കുന്നതിനും ചാഴൂർ കോവിലകത്തു നിന്നും കരമൊഴിവാക്കി കൽപ്പിച്ചു നൽകിയ സ്ഥലത്താണ് കാനാടി തറവാട് സ്ഥിതി ചെയ്യുന്നത്.

അതുകൊണ്ടു തന്നെ സാക്ഷാൽ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി തന്നെയാണ് കാനാടികാവിൽ കുടികൊള്ളുന്നത്. അതിന്റെ ഐശ്വര്യവും സമൃദ്ധിയുമാണ് ഇവിടെ അഭയം കൊള്ളുന്ന ഓരോ ഭക്തർക്കും ലഭിക്കുന്നത്. മനമുരുകി കാനാടികാവ് പൊന്നുണ്ണി വിഷ്ണുമായ സ്വാമിക്കു മുൻപിൽ സമർപ്പിക്കുന്ന ഭക്തരുടെ ഏതൊരു പ്രാർത്ഥനയ്ക്കും തീർച്ചയായും ഫലസിദ്ധി ഉണ്ടാകും.

Online Enquiry

Our Blogs